“പുരാവൃത്തങ്ങളുടെ പ്രാധിനിത്യം ഭാഷ പാഠപുസ്തകത്തിൽ - ധാർമ്മിഷ്ഠനായരാധേയൻ , പെരുന്തച്ചൻ എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള പഠനം “
സംഗ്രഹം
കാലാനുവർത്തിയായി നിലകൊള്ളുന്ന പുരാണങ്ങളും ഇതിഹാസങ്ങളും ഐതിഹ്യങ്ങളുമെല്ലാം സജീവവായനയ്ക്ക് ഉതകുന്ന തരത്തിൽ നിലനിർത്തേണ്ടത് അനിവാര്യമാണ്. ഭാരതീയ സാഹിത്യ പാരമ്പര്യത്തിന്‍റെ സമ്പന്നതയുടെ അടയാളമായ മേൽകൃതികളുടെ കാതൽ, ജാതി-വർഗ്ഗ-രാഷ്ട്രീയ ഭേതമന്യേ വായിക്കപ്പെടേണ്ടതുണ്ട് .അതുകൊണ്ടു തന്നെ നവീന തലമുറയ്ക്ക് പുരാണ സംബന്ധിയായ കൃതികൾ വായിക്കുവാനനും അവ പരിചയപ്പെടാനുമുള്ള അവസരം ഒരുക്കുകയാണ് വേണ്ടത് . കുട്ടികളെ ഇത്തരം ഗൗരവമേറിയ വായന മേഖലകളിലേക്ക് ക്ഷണിക്കുക എന്നത് തികച്ചും ക്ലേശകരമായ ഒരു ദൗത്യമാണ് . അതിനുള്ള ആദ്യ പടിയായി പാഠപുസ്തകങ്ങളിൽ മേൽ രചനകളുടെ ഭാഗങ്ങൾ നൽകികൊണ്ട് വിദ്യാർത്ഥികളിൽ അത്തരം കൃതികളുടെ സ്വഭാവവും രചന രീതിയും പരിചയപ്പെടുത്തുകയും വായനയോടുള്ള ജിജ്ഞാസ വളർത്തിയെടുക്കുകയുമാണ് വേണ്ടത് .
ഭാഷാ പാഠപുസ്തകങ്ങളിൽ പുരാവൃത്തങ്ങളെ അടിസ്ഥാനമാക്കിയുള്ള പാഠഭാഗങ്ങൾ എങ്ങനെയെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നും വിദ്യാർത്ഥികളിലേക്ക് നൽകുന്ന മൂല്യങ്ങൾ എന്തെല്ലാമാണ് എന്നുമുള്ള ഒരു അന്വേഷണമാണ് ഈ പഠനം. എട്ടാംതരം കേരളപാഠാവലിയിലെ കാലം ദർശിച്ച രസാനുഭൂതികൾ എന്ന ഏകകത്തിൽ നിന്നുമുള്ള ധർമ്മിഷ്ഠനായ രാധേയൻ, പെരുന്തച്ചൻ എന്നീ പാഠഭാഗങ്ങളെ അവലംബമായി സ്വീകരിച്ചുകൊണ്ട് അപഗ്രഥന വിധേയമാക്കുകയാണ് ചെയ്യുന്നത്. പ്രസ്തുത പാഠഭാഗങ്ങളുടെ പഠനത്തിലൂടെ വിദ്യാർത്ഥികൾക്ക് ഭാരതീയ ഇതിഹാസങ്ങളുടെ സമ്പന്നമായ സാഹിത്യ പാരമ്പര്യവും അത്തരം രചനകൾ മുന്നോട്ടു വയ്ക്കുന്ന ധാർമ്മിക മൂല്യങ്ങളോടുമെല്ലാം സ്വായത്വമാക്കുവാൻ സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും, ഗൗരവകരമായ വായനയിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നുണ്ടോ എന്നു അപഗ്രഥിക്കുന്നതിലൂടെ പുരാവൃത്തങ്ങളെ എങ്ങിനെ ഭാഷാപാഠപുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നു എന്നുമെല്ലാം വിശകലന വിധേയമാക്കുകയാണ് ഈ പ്രോജക്ടിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്.
ലക്ഷ്യങ്ങൾ
വിദ്യാർത്ഥികളിൽ പുരാണ ഇതിഹാസങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന്.
ഭാഷാ പാഠപുസ്തകങ്ങളിൽ പുരാണങ്ങൾ, ഇതിഹാസങ്ങൾ, ഐതിഹ്യങ്ങൾ തുടങ്ങിയവ യുടെ പ്രാതിനിത്യം വിശകലനം ചെയ്യുന്നതിന്.
പുരാണേതിഹാസങ്ങളുടെ ആധികാരികമായ വായനയ്ക്ക് പ്രസ്തുത പാഠഭാഗങ്ങൾ വഴിയൊരുക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന്.
പുനരാഖ്യാനം ചെയ്യപ്പെട്ട പുരാണ സംബന്ധിയായ രചനകളുടെ ഭാഷ, ആഖ്യാനരീതി മുതലായവ കുട്ടികൾക്ക് തിരിച്ചറിയുവാൻ സാധിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിന്.
പ്രസ്തുത രചനകൾക്ക് കേരളപാഠാവലിയിൽ നൽകിയിരിക്കുന്ന പ്രാധാന്യം അപഗ്രഥന വിധേയമാക്കുന്നത് .
രീതിശാസ്ത്രം
വിവരണാത്മക പഠന രീതിയാണ് ഈ പ്രൊജക്റ്റിൽ അവലംബിച്ചിരിക്കുന്നത്. ഭാഷ പാഠപുസ്തകങ്ങളിലെ പുരാവൃത്തങ്ങളുടെ പ്രതിനിധ്യം മനസ്സിലാക്കുന്നതിനും അവയുടെ പ്രാധാന്യം വിശകലനം ചെയ്യുന്നതിനും അനുയോജ്യമായ പാഠഭാഗങ്ങൾ അധ്യാപികയുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുക്കുകയാണ് പഠനം ആരംഭിക്കുന്നതിന് മുന്നോടിയായി ചെയ്ത ആദ്യ പ്രക്രിയ. ശേഷം എട്ടാം തരം കേരളപാഠാവലിയിലെ കാലം ദർശിച്ച രസാനുഭൂതികൾ എന്ന ഏകകത്തിലെ 'ധർമ്മിഷ്ഠനായ രാധേയൻ', 'പെരുന്തച്ചൻ' എന്നീ പാഠഭാഗങ്ങൾ തിരഞ്ഞെടുക്കുകയും, പഠനത്തിന് ഉചിതമായ ശീർഷകം അധ്യാപികയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ചിട്ടപ്പെടുത്തുകയും ചെയ്തു. മേൽ പാഠഭാഗങ്ങൾ സൂക്ഷ്മ വായനയ്ക്ക് വിധേയമാക്കിക്കൊണ്ട് നിരന്തര പാരായണത്തിലൂടെ ആശയ ഗ്രഹണം സാധ്യമാക്കുകയാണ് അടുത്തതായി ചെയ്തത്. രചയിതാവിനെ കുറിച്ചും, മൂലകൃതിയെ കുറിച്ചും വിവരങ്ങൾ ശേഖരിക്കുകയും, പ്രസ്തുത പാഠഭാഗങ്ങൾക്ക് സമാനമായ മറ്റു രചനകൾ കണ്ടെത്തി അധിക വായന നടത്തുകയും ചെയ്തു. പഠനത്തിന് ആവശ്യമായ ദാത്തങ്ങൾ ശേഖരിക്കുന്നതിനായി എറണാകുളം പബ്ലിക് ലൈബ്രറിയിലെ ഗ്രന്ഥങ്ങൾ, പഠനങ്ങൾ, ബ്ലോഗുകൾ, വെബ് സൈറ്റുകൾ, വീഡിയോകൾ, ഭാഷ അധ്യാപകർ, വിദ്യാർത്ഥികൾ മുതലായ സ്രോതസ്സുകളെ ആശ്രയിക്കുകയാണ് ചെയ്തത്. തുടർന്ന് അനുമാനങ്ങൾ സൃഷ്ടിക്കുകയും , ലഭ്യമായ ദത്തങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് പാഠഭാഗങ്ങൾ വിശകലനവിധേയമാക്കി. ശേഷം കണ്ടെത്തിയ നിഗമനങ്ങളിലൂടെ പഠന ഫലത്തിലേക്കു എത്തിചേർന്നു.
കണ്ടെത്തലുകൾ
ധർമ്മിഷ്ഠനായ രാധേയൻ,പെരുന്തച്ചൻ എന്നീ രചനകളെ അടിസ്ഥാനപ്പെടുത്തി വിവക്ഷിക്കുമ്പോൾ പുരാണ ഇതിഹാസ സംബന്ധിയായ രചനകൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ, ഭാരതത്തിന്റെ പൈതൃക പഴമയെ തിരിച്ചറിയുവാൻ വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിൽ സഹായകരമാകുന്നുണ്ട് എന്ന് കാണാനാകും .
മേൽ പരാമർശിച്ചത് പോലുള്ള പാഠഭാഗങ്ങൾ കുട്ടികളിൽ, പുരാണങ്ങളെക്കുറിച്ചും ഇതിഹാസങ്ങളെ കുറിച്ചും ഐതിഹ്യങ്ങളെ കുറിച്ചും നാടൻ വിശ്വാസങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനോടൊപ്പം ഇത്തരം സാഹിത്യ ജനസുകളെ കൂടുതൽ അറിയുന്നതിനുള്ള വിജ്ഞാസ വളർത്തിയെടുക്കുകയും ചെയ്യുന്നുണ്ട്.
എട്ടാംതരം കേരളപാഠാവലി ഭാഷാ പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി പാഠപുസ്തകങ്ങളിൽ പുരാവൃത്തങ്ങളുടെ പ്രാതിനിത്യം എന്ന വിഷയം പരിശോധിച്ചതിൽ നിന്നും ഈ മേഖലയിലെ കൃതികൾക്ക് പാഠപുസ്തകത്തിൽ മുഖ്യ പ്രാധാന്യം നൽകിയിട്ടുള്ളതായി കാണാനായിട്ടുണ്ട്.
പുരാണങ്ങൾ ഐതിഹ്യങ്ങൾ പോലുള്ള ആഖ്യാനങ്ങൾ മുന്നോട്ടുവയ്ക്കുന്ന മൂല്യബോധവും നീതിനിഷ്ഠയുംമെല്ലാം വിദ്യാർത്ഥികളിലേക്ക് സംക്രമിപ്പിക്കുന്നതിന് വേണ്ടിയാകാം പ്രസ്തുത പാഠഭാഗങ്ങൾക്ക് ഇത്രയധികം പ്രാധാന്യം പുസ്തകത്തിൽ നൽകിയിരിക്കുന്നത്.
വലിയ ഗ്രന്ഥങ്ങളുടെ ഏതാനും ചില ഭാഗങ്ങൾ മാത്രമാണ് പാഠപുസ്തകത്തിൽ ഉൾപ്പെടുന്നത്തിയിട്ടുള്ളത് എങ്കിൽ പോലും കുട്ടികൾക്ക് ആ കൃതികളുടെ രചന ശൈലിയെയും ഭാഷയെയും മനസ്സിലാക്കുവാൻ സാധിക്കുകയും അത്തരം ഗ്രന്ഥങ്ങളെ ആധികാരികമായി സമീപിക്കുവാനുള്ള പ്രാപ്തി നേടിയെടുക്കുവാൻ കഴിയുകയും ചെയ്യുന്നു .
കർണ്ണൻ എന്ന വീര പുരുഷന്റെ വ്യക്തി വൈഭവത്തിൽ ആകൃഷ്ടരാകുന്ന കുട്ടികൾ അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകൾ സ്വന്തം ജീവിതത്തിലേക്ക് പകർത്തി എഴുതുകയും സാധ്യത ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിലെ ശ്രീകൃഷ്ണ - കർണ്ണ സംവാദമെന്ന ഭാഗം പാഠഭാഗമായി ചിട്ടപ്പെടുത്തിയിരിക്കുന്നത് .
പെരുന്തച്ചൻ എന്ന കവിതയിലെ ഒരു അച്ഛന്റെ വേദന കുട്ടികൾ മനസ്സിലാക്കുന്നു. ‘തച്ചനാണെങ്കിലും താനൊരച്ഛനല്ലേ’ എന്ന വരികളിലൂടെ സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളിൽ ഒറ്റപ്പെട്ടുപോയ ഒരു പിതാവിന്റെ വ്യഥകളെ അനുഭാവപൂർവ്വം തിരിച്ചറിയുവാനുള്ള ഹൃദയം വിദ്യാർത്ഥികളിൽ രൂപപ്പെട്ടു വരുന്നതായി മനസ്സിലാക്കാം.
പുരാതനമായ കഥാസന്ദർഭങ്ങൾ പറഞ്ഞുവെക്കുന്ന രചനകൾ പാഠപുസ്തകത്തിൽ ഉൾപെടുത്തുന്നതിലൂടെ കുട്ടികൾക്ക് കൃതികൾ രചിക്കപ്പെട്ട കാലത്തെ സാമൂഹിക പശ്ചാത്തലത്തേയും ധാർമിക മൂല്യങ്ങളേയും ജീവിത രീതികളേയും കുറിച്ച് ബോധവാന്മാരാകുവാൻ സാധിക്കുന്നു.
ഇനി ഞാൻ ഉറങ്ങട്ടെ,പെരുന്തച്ചൻ തുടങ്ങിയ രചനകൾ മഹാഭാരതം, പറയിപെറ്റ പന്തിരുകുലം തുടങ്ങിയ രചനകളുടെ പുനരാഖ്യാനങ്ങൾ ആണെങ്കിൽ പോലും കുട്ടികൾക്ക് മൂലകൃതികളുടെ ഏകദേശം രൂപം മനസ്സിലാക്കുവാൻ സാധിക്കുന്ന തരത്തിലാണ് പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഉപസംഹാരം
പുരാണ ഇതിഹാസ സംബന്ധമായ പാഠഭാഗങ്ങളുടെ യഥാവിതമുള്ള പഠനത്തിലൂടെ കുട്ടികൾക്ക് പ്രസ്തുത മേഖലയിലെ കൃതികൾളെ കുറിച്ച് അറിവ് പകരുവാൻ സാധിക്കുന്നുണ്ട് എന്നും അത്തരം രചനകളുടെ ഗൗരവകരമായ വായനയിലേക്ക് വിദ്യാർത്ഥികളെ മേൽ പാഠഭാഗങ്ങൾ നയിക്കുന്നുണ്ട് എന്നും പരിശോദിച്ചറിയുവാൻ ഈ പഠനം വഴിയൊരുക്കി .
ഭാഷാപാഠ പുസ്തകത്തിൽ പുരാവൃത്തങ്ങക്ക് നൽകേണ്ട പ്രാധാന്യത്തെയും അവയുടെ പ്രത്യേകതകളെയും പ്രസക്തിയെയും തിരിച്ചറിയുവാൻ പഠനം ഉപകരിച്ചിട്ടുണ്ട്. നമ്മുടെ പൈതൃകവും പാരമ്പര്യവും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് സംക്രമിപ്പിക്കുന്നതിന് ഉതകുന്ന തരത്തിൽ പ്രസക്തമായ ഭാഗങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളിൽ പുരാണേ ഇതിഹാസങ്ങളോടുള്ള വായന താൽപര്യം വളർത്തിയെടുക്കുന്നതിന് പ്രസ്തുത ജനുസ്സിലുള്ള രചനകൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധ്യമാകുമെന്ന് എന്ന് ഈ പഠനത്തിലൂടെ നിസ്സംശയം കണ്ടെത്തിയിട്ടുണ്ട്.
Comments
Post a Comment